കൊച്ചി : വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത കേസിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയ്ക്ക് തിരിച്ചടി . 16 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. വിദ്യാർത്ഥികളെ ക്യാമ്പസിൽ പ്രവേശിപ്പിക്കാനും, റഗുലർ ക്ലാസുകൾ അറ്റൻഡ് ചെയ്യിപ്പിക്കാനും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശ്ശം നൽകി.
സർവകാശാല സമർപ്പിച്ച അന്വേഷണ റിപ്പോർട്ടും റദ്ദാക്കി. പുതിയ അന്വേഷണസമിതിയെ കൊണ്ട് അന്വേഷണം നടത്താനും, ഇക്കാലയളവിൽ സസ്പെൻഷൻ ഒഴിവാക്കണമെന്നുമാണ് നിർദേശം. ആഗസ്റ്റ് 13 ന് ക്യാമ്പസിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് എസ് എഫ് ഐയിൽ നിന്നുള്ള 16 വിദ്യാർത്ഥികളെ അധികൃതർ സസ്പെൻഡ് ചെയ്തത്.
ഇതിനെതിരെയും, തങ്ങളെ സെമസ്റ്റർ പരീക്ഷയിൽ പങ്കെടുപ്പിക്കണമെന്നും കാട്ടി വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകി . നവംബർ 4 ലെ പരീക്ഷ എഴുതാൻ സിംഗിൾ ബെഞ്ച് വിദ്യാർത്ഥികൾക് അനുമതി നൽകിയിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് പിന്നീട് ഈ അനുമതി റദ്ദാക്കി. തുടർന്ന് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു.
പരീക്ഷ എഴുതാനുള്ള അനുമതി റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം തങ്ങളുടെ കരിയറിനെ ബാധിക്കുമെന്നും ഇവർ കോടതിയെ അറിയിച്ചു. സസ്പെൻഷന് പുറമേ അന്വേഷണ നടപടികൾക്കായി നിശ്ചയിച്ചിട്ടുള്ള തീയതികളിൽ ഒഴികെ, ക്യാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്നും സർവകലാശാല ഇവരെ വിലക്കിയിരുന്നു.
ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ ആദ്യം മാപ്പ് പറയണമെന്നും , പെരുമാറ്റ ദൂഷ്യമാണ് നടപടികൾക്ക് കാരണമെന്നുമായിരുന്നു സർവകലാശാല അധികൃതരുടെ നിലപാട് . മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പ് എഴുതി നൽകിയാൽ സസ്പെൻഷൻ പിൻ വലിക്കാമെന്ന സർവകലാശാല സിൻഡിക്കേറ്റിന്റെ തീരുമാനം നേരത്തെ വിദ്യാർത്ഥികൾ തള്ളിയിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാര സമരം നടത്തി വരികയായിരുന്നു.

