കോഴിക്കോട് : നാദാപുരത്ത് വിവാഹച്ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കളും, നാട്ടുകാരുമായി സംഘർഷം . ഞായറാഴ്ച്ച നാദാപുരം തൂണേരിയിലാണ് സംഭവം. പേരോട് സ്വദേശിയായ വരനും സംഘവും വധുവിന്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
വധുവിന്റെ വീടിന് സമീപത്തെ വീട്ടിൽ മരണം നടന്നതിനാൽ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ നാട്ടുകാർ വധുവിന്റെയും, വരന്റെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വധുവിന്റെ വീട്ടുകാർ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വരൻ വധുവിന്റെ വീട്ടിലേയ്ക്ക് എത്തുന്നതിനിടെ വരന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് പടക്കം പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബാൻഡ്മേളവും ഇവർ ഒരുക്കിയിരുന്നു.
ഇതോടെ നാട്ടുകാർ ഇടപെട്ട് തടയുകയും സംഭവം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പൊലീസാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തുടർന്ന് മഹല്ല് കമ്മിറ്റി അംഗങ്ങളും, മറ്റ് ഭാരവാഹികളും ഇടപെട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

