ഡബ്ലിൻ: പുതിയ പൗരത്വ നിയമഭേദഗതിയിൽ മുന്നറിയിപ്പുമായി കുടിയേറ്റ അവകാശ സംഘടനകൾ. പൗരത്വ നിയമങ്ങളിലെ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ അയർലൻഡിലേക്കുള്ള ജോലിക്കാരുടെ വരവിനെ ബാധിക്കുമെന്നും അസമത്വം വർധിപ്പിക്കുമെന്നും സംഘടനകൾ വ്യക്തമാക്കി. പൗരത്വത്തിന് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ ഭേദഗതിയെന്നും സംഘടനകൾ കുറ്റപ്പെടുത്തി. ഒയിറിയാച്ച്ടാസ് കമ്മിറ്റി ഓൺ ജസ്റ്റിസിന് മുൻപിൽ ആയിരുന്നു സംഘടനകൾ ഇക്കാര്യങ്ങൾ അറിയിച്ചത്.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം ചില കുടിയേറ്റക്കാർക്ക് കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കാൻ 11 വർഷം മുതൽ 12 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് സംഘടനകൾ വ്യക്തമാക്കി. ഇത് തൊഴിലാളികളെയും പൗരന്മാരാകുന്നതിൽ നിന്നും പിന്നോട്ട് വലിക്കും. നിർദ്ദിഷ്ട മാറ്റങ്ങൾ കുടിയേറ്റക്കാർക്ക് കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. നിർദ്ദിഷ്ട ബിൽ കുടിയേറ്റ തൊഴിലാളികളെ അകർഷിക്കാനും നിലനിർത്താനുമുള്ള രാജ്യത്തെ കഴിവിനെ ദുർബലപ്പെടുത്തുമെന്നും സംഘടനകൾ വ്യക്തമാക്കി.

