കണ്ണൂർ : അരിയിൽ ഷുക്കൂർ വധക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ്. നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കുമെന്നാണ് ദാവൂദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേസിൽ സിപിഎം നേതാക്കളായ പി ജയരാജൻ, ടി വി രാജേഷ് എന്നിവരെയും, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് ദാവൂദിന്റെ പ്രതികരണം .
‘ നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി ഇൻഷാ അള്ളാ , നിയമപോരാട്ടം തുടരും. കൂടെ നിന്ന എല്ലാവർക്കും ഉമ്മ ‘ എന്നാണ് ദാവൂദിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.
മുഖ്യസാക്ഷികൾ കോടതിയിൽ വരാത്തതിനെ തുടർന്നാണ് അരിയിൽ ഷുക്കൂർ വധക്കേസിൽ ചിലർ കുറ്റവിമുക്തരായതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം . നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് കോടതി സമ്മതിച്ചു. ഗൂഢാലോചന അടക്കം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയെന്നും പിഎംഎ സലാം പറഞ്ഞു.
ഷുക്കൂർ വധക്കേസിൽ സാക്ഷികൾ മൊഴി നൽകാൻ വരാതിരുന്നത് തിരിച്ചടിയായെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടന്നതെന്ന കാര്യം വ്യക്തമാണ് . ഗൂഢാലോചനയുടെ സാക്ഷികൾ ഭയന്നാണ് കോടതിയിൽ വരാത്തതെന്നും എല്ലാവർക്കും അറിയാം. നിയമപരമായി എല്ലാ വഴികളും തേടുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു .

