ലക്നൗ : സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പിന്നാക്ക വിഭാഗ രഥയാത്രയ്ക്കിടെ ബുൾഡോസറടിച്ച് ബിജെപി നേതാവിന്റെ മകൻ മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആര്യവർധൻ സിംഗ് എന്ന പതിനാലുകാരൻ ആണ് മരിച്ചത് . സംഭവത്തിൽ അഖിലേഷ് യാദവിനെതിരെയും രഥ യാത്രയുടെ സംഘാടകർക്കെതിരെയും നരഹത്യക്കേസ് ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
റോഡ് മുറിച്ച് കടക്കാൻ നിന്ന ആര്യ വർധനനെ അമിത വേഗതയിൽ എത്തിയ ബുൾഡോസർ ഇടിക്കുകയായിരുന്നു.രഥയാത്രയിൽ പുഷ്പാർച്ച നടത്താൻ എത്തിയതായിരുന്നു ബുൾഡോസറിന്റെ ഡ്രൈവർ. ഇടിയുടെ ആഘാതത്തിൽ ആര്യവർധൻ ഡിവൈഡറിൽ തലയടിച്ച് വീണു. തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റു.
ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത് . സംഘാടകരുടെ വീഴ്ച്ചയാണ് മകന്റെ മരണത്തിന് കാരണമെന്നും ,അഖിലേഷ് യാദവിനെതിരെയും , പരിപാടിയുടെ സംഘടകർക്കെതിരെയും കേസെടുക്കണമെന്നും കുട്ടിയുടെ പിതാവ് ഓംകാർ സിങ് ആവശ്യപ്പെട്ടു. എന്നാൽ പുഷ്പാർച്ചനയ്ക്കായി ബുൾഡോസർ ഏർപ്പാടാക്കിയിരുന്നില്ലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. ഇല്ലാത്ത കേസുകളുണ്ടാക്കുന്നത് ബിജെപിയുടെ സ്ഥിരം സ്വഭാവമാണെന്നും ആരോപിച്ചു.

