ശ്രീനഗർ : സി.ആർ.പി.എഫ് ചെക്ക്പോസ്റ്റിനു നേർക്ക് ആക്രമണം നടത്തിയ ലഷ്കർ ഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാ സേന .മുസ്ലിം ആരാധനാലയത്തിന് സമീപം ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിനോട് കീഴടങ്ങാന്‍ സേന നിര്‍ദേശിച്ചിരുന്നു. വിസമ്മതിച്ച ഭീകരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
2025 നവംബർ 18 നാണ് ലത്തീഫ് ഭട്ട് ലഷ്കറിൽ അംഗമായത് . തീവ്രവാദ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇയാൾക്ക് സമാധാനവും, വിനോദസഞ്ചാര മേഖലയും , സമ്പദ് വ്യവസ്ഥയും തകർക്കാൻ അതിർത്തിക്കപ്പുറത്ത് നിന്ന് നിർദേശങ്ങൾ ലഭിച്ചിരുന്നു.
ബുധനാഴ്ച്ച രാവിലെ പള്ളിയിൽ വച്ച് സുരക്ഷാസേന ഇയാളെ വളഞ്ഞിരുന്നു. കീഴടങ്ങാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ലത്തീഫ് ഭട്ട് വഴങ്ങിയില്ല . കുൽഗാം സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (SSP) അനായത് അലി ലത്തീഫ് ഭട്ടുമായി വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തിരുന്നു. ആയുധം വച്ച് കീഴടങ്ങണമെന്നും ജീവൻ രക്ഷിക്കാമെന്നും അനായത് അലി പറഞ്ഞുവെങ്കിലും ആ നിർദേശവും ലത്തീഫ് ഭട്ട് തള്ളിക്കളഞ്ഞു. 9 RR കമാൻഡിംഗ് ഓഫീസറും കീഴടങ്ങാൻ പല തവണ ആവശ്യപ്പെട്ടിരുന്നു.
മണിക്കൂറുകൾ നീണ്ട ഓപ്പറേഷന് ശേഷമാണ് ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചത് . ജമ്മു കശ്മീർ പൊലീസും, സുരക്ഷാസേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്,പുലര്‍ച്ചെ നാല് മണിയോടെ ഇയാളെ സുരക്ഷാസേന കണ്ടെത്തുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ആരാധനാലയത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നും സുരക്ഷാസേന വ്യക്തമാക്കി.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കുൽഗാമിൽ സൈനികർക്ക് നേരെ ആക്രമണമുണ്ടായത് . ഇതിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും, നേരിട്ട് നേതൃത്വം നൽകിയ ആളുമണ് ഭട്ട് .കഴിഞ്ഞ ദിവസം ഇയാളുടെ കൂട്ടാളിയെ സുരക്ഷാസേന വധിച്ചിരുന്നു.
രണ്ട് ദിവസം മുൻപ് ലത്തീഫ് ഭട്ടും, കൊല്ലപ്പെട്ട ഭീകരൻ ഉമർ നിസാർ ദാറും കുൽഗാമിലെ വിവിധ പ്രദേശങ്ങൾ ചുറ്റി നടന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.

