കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിന്റെ പരാമർശത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക ടിബി മിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. അഭിഭാഷക കോടതിയിൽ ഉറങ്ങുകയായിരുന്നോ എന്ന പരാമർശത്തിനെതിരെയായിരുന്നു ഹർജി. തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു മിനി ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.
വിചാരണസമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ താഴെമാത്രമാണ് കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നുമായിരുന്നു ജഡ്ജി ഹണി എം വർഗീസിന്റെ പരാമർശം. ജഡ്ജിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
2026 ജനുവരി 12 ന് നടത്തിയ ഈ പരാമർശം തന്റെ ജോലിയ്ക്ക് കളങ്കമുണ്ടാക്കിയെന്നും വ്യാപകമായ സൈബർ ആക്രമണം തനിക്ക് നേരെ ഉണ്ടായെന്നും ഹർജിയിൽ ടി ബി മിനി പറഞ്ഞിരുന്നു. നേരത്തെ കോടതിയലക്ഷ്യ ഹർജി നൽകാൻ അഡ്വക്കേറ്റ് ജനറലിന് ടി ബി മിനി പരാതി നൽകിയെങ്കിലും ഈ അപേക്ഷ എ ജി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

