ഡബ്ലിൻ: അയർലൻഡിന്റെ ആഭ്യന്തര സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രവചിച്ച് തൊഴിലുടമ ഗ്രൂപ്പായ ഐബിഇസി. ഈ വർഷവും അടുത്ത വർഷവും ആഭ്യന്തര സമ്പദ്വ്യവസ്ഥയിൽ കുതിപ്പ് രേഖപ്പെടുത്തുമെന്നാണ് ഐബിഇസിയുടെ പ്രവചനം. ഈ വർഷം ആഭ്യന്തര സമ്പദ് വ്യവസ്ഥ 3.5 ശതമാനവും അടുത്ത വർഷം നാല് ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് ഐബിഇസി വ്യക്തമാക്കുന്നത്. അടുത്ത വർഷം ജോലിക്കാരുടെ എണ്ണം 2.9 ദശലക്ഷത്തിൽ എത്തുമെന്നും സംഘടന വിലയിരുത്തുന്നു. അതേസമയം ട്രംപിന്റെ താരിഫുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും പശ്ചിമേഷ്യൻ സംഘർഷവും തുടരുന്നതിനിടെയാണ് ശുഭകരമായ പ്രവചനം ഉണ്ടാകുന്നത്.
ഭവന മേഖലയിൽ ചില അനുകൂല ചലനങ്ങൾ ഉണ്ടായി. എന്നിരുന്നാലും വീടുകളുടെ വിതരണക്കുറവ് ചിലവ് വർധിപ്പിച്ചവെന്നും ഐബിഇസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പണപ്പെരുപ്പത്തിന് ശേഷം വീട്ടിലേക്കെത്തുന്ന കുടുംബ വരുമാനം എന്നത് 50 ശതമാനം വർധിച്ചതായി ഐബിഇസി ചീഫ് ഇക്കണോമിസ്റ്റ് ജെറാർഡ് ബ്രാഡി പറഞ്ഞു. ദേശീയ ശമ്പളം 40 ശതമാനം വർധിച്ചു. 10 വർഷത്തിനിടെ ആഭ്യന്തര ബിസിനസ് നിക്ഷേപം 44 ശതമാനം വർധിച്ചുവെന്നും ബ്രാഡി കൂട്ടിച്ചേർത്തു.

