ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുന്ന ധാതുവാണ് ഇരുമ്പ് . ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് ഇരുമ്പ് കൂടിയേ തീരൂ. ഇരുമ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ അത് വിളർച്ചയ്ക്ക് കാരണമാകും. അയണിന്റെ അംശം ശരീരത്തിൽ കുറഞ്ഞാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ അറിയാം.
ക്ഷീണവും തളർച്ചയും
ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും ക്ഷീണവും തളർച്ചയും അനുഭവപ്പെടുകയാണെങ്കിൽ അത് അയണിന്റെ അഭാവം മൂലമാകാം. ആവശ്യത്തിന് അരുണ രക്താണുക്കളെ ഉദ്പാദിപ്പിക്കാൻ ശരീരം പ്രയാസപ്പെടുകയും, ഇത് മൂലം പേശികളിലേയ്ക്കും കലകളിലേയ്ക്കും ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരികയും ചെയ്യുന്നു.
വിളറിയ ചർമ്മം
വിളറിയ ചർമ്മം അയണിന്റെ അഭാവത്തിന്റെ സൂചനയാണ് . ഹീമോഗ്ലോബിൻ ആണ് രക്തത്തിന് ചുവപ്പ് നിറം നൽകുന്നത്. എന്നാൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ചർമ്മം വിളറുകയും ചുണ്ടുകളുടെയും , കൺപോളകളുടെയും നിറം മങ്ങുകയും ചെയ്യും.
ശ്വസിക്കാൻ പ്രയാസം
ഹീമോഗ്ലോബിന്റെ ഉല്പാദനത്തിന് ഇരുമ്പ് ആവശ്യമാണ് . ഇത് ഓക്സിജനെ കോശങ്ങളിലെത്തിക്കുന്നു. ഓക്സിജന്റെ അളവ് കുറയുമ്പോൾ ശ്വസനനിരക്ക് കൂടുകയും ശ്വാസം മുട്ടൽ ഉണ്ടാകുകയും അങ്ങനെ ശ്വസനത്തിന് തടസം നേരിടുകയും ചെയ്യും.
വിണ്ടുകീറിയ നഖങ്ങൾ
ഇരുമ്പിന്റെ അഭാവം നഖങ്ങളെയും ബാധിക്കും . നഖങ്ങൾ വിണ്ടുകീറുന്നതും നഖങ്ങളിൽ പാടുകൾ വരുന്നതും അയണിന്റെ അഭാവത്തിന്റെ ലക്ഷണമാണ്.
തലവേദന, തലകറക്കം
ഇരുമ്പിന്റെ അഭാവം മൂലം തലച്ചോറിലേയ്ക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതെ വരുന്നു. ഇതുമൂലം ഇടയ്ക്കിടെ തലവേദനയും, തലകറക്കവും അനുഭവപ്പെടാം. ഓക്സിജന്റെ അളവ് കുറയുന്നത് മൂലം തലച്ചോറിലെ രക്തക്കുഴലുകൾ വീങ്ങും. ഇതുമൂലം തലവേദനയുണ്ടാകും.
കൈകാലുകൾക്ക് തണുപ്പ്
ഇരുമ്പിന്റെ അഭാവം രക്തചംക്രമണത്തെ തകരാറിലാക്കും. ഇതുമൂലം കൈകാലുകൾക്ക് തണുപ്പ് അനുഭവപ്പെടാം .ഓക്സിജൻ അടങ്ങിയ രക്തം പ്രധാന അവയവങ്ങളിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കും . എന്നാൽ കൈകാലുകളിലേക്കുള്ള രക്തപ്രവാഹം കുറവായിരിക്കും.
അസാധാരണമായ ആർത്തി
ഇരുമ്പിന്റെ അഭാവത്തിന്റെ അത്ര സാധാരണമല്ലാത്ത ലക്ഷണമാണ് പൈക. പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്ത വസ്തുക്കളോടുള്ള താല്പര്യമാണിത് . ഐസ് ,കളിമണ്ണ്, ചെളി, പേപ്പർ എന്നിവ കഴിക്കാനുള്ള താല്പര്യമാണ് കൂടുതലായി ഉണ്ടാകുക.
കാലുകൾ ചലിപ്പിക്കൽ
പ്രത്യേകിച്ച് രാത്രിയിൽ കാലുകൾ ചലിപ്പിച്ച് കൊണ്ടേയിരിക്കുന്ന അവസ്ഥ ഉണ്ടാകാം. റെസ്റ്റ് ലെസ് ലെഗ് സിൻഡ്രോം എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. ഇരുമ്പിന്റെ അഭാവം കുറയുന്നത് ഡോപാമിന്റെ ഉല്പാദനം കുറയാനും കാരണമാകാറുണ്ട്, അതാകാം റെസ്റ്റ് ലെസ് ലെഗ് സിൻഡ്രോമിന് കാരണമായി കരുതുന്നത്.
മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിലിനും ഇരുമ്പിന്റെ അഭാവം കാരണമാകാറുണ്ട് . ഇരുമ്പ് ആവശ്യത്തിന് ലഭിക്കാത്തതിനാൽ രോമകൂപങ്ങൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരും. ഇത് മുടികൊഴിച്ചിലിന് കാരണമാകും. തുടർച്ചയായി മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ ഇരുമ്പിന്റെ അഭാവം ആകും കാരണം.

