കൊച്ചി ; ജുവനൈൽ പ്രായപരിധി 16 വയസാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി . ഇതിനായി നിയമനിർമ്മാണസഭകൾ അടക്കം പുനരാലോചിക്കണാമെന്നും ഹൈക്കോടതി നിർദേശിച്ചു. പൊതുസമൂഹത്തിൽ പല വട്ടം ഉയർന്നു വന്ന ആവശ്യമാണിപ്പോൾ ഹൈക്കോടതിയും ആവശ്യപ്പെട്ടിരിക്കുന്നത്.
ജുവനൈല്‍ ആക്ടുമായി ബന്ധപ്പെട്ട് ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ചാണ് നിരീക്ഷണം മുന്നോട്ടുവച്ചിരിക്കുന്നത്. 23 വയസിൽ താഴെയുള്ളവർ മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട അബ്കാരി കേസ് ഹൈക്കോടതിയുടെ മുന്നിലെത്തിയ വേളയിലാണ് ഈ നിരീക്ഷണം. പ്രായപൂർത്തിയാകാത്ത ആളുകൾ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും കൊലപാതകങ്ങൾ ആസൂത്രണം ചെയ്യൂകയും ചെയ്യുന്നത് വലിയ ചർച്ചകളാണിപ്പോൾ വഴി വച്ചിരിക്കുന്നത്. ഈ അവസരത്തിലാണ് ഹൈക്കോടതിയുടെ നിർണ്ണായക നിരീക്ഷണം.
ചേരാനല്ലൂർ വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഉൾപ്പെടെ പൊതുസമൂഹത്തിൽ നിന്ന് ഈ ആവശ്യം ഉയർന്നിരുന്നു. ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ ആക്സിഡന്റ് കേസിൽ 17 കാരനെ ജയിലിലടയ്ക്കാൻ കഴിയാത്തതിനെതിരെ ജയബാലകൃഷ്ണന്റെ കുടുംബമടക്കം വൈകാരിക പ്രതികരണം നടത്തിയിരുന്നു.പാങ്ങപ്പാറയിൽ 17 കാരൻ കൊല്ലപ്പെട്ട കേസിലും പ്രതികൾ പ്രായപൂർത്തിയായവരല്ലെന്ന കാരണത്താൽ ഇളവ് നൽകരുതെന്ന് 17 കാരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

