ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. തേങ്ങ അരച്ചുള്ള കറികളും മറ്റ് ഭക്ഷ്യവിഭവങ്ങളും എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഭക്ഷണാവശ്യങ്ങൾക്ക് പുറമേ ഹൈന്ദവ മതാചാരവുമായും തേങ്ങ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. തേങ്ങയിലെ മൂന്ന് കണ്ണുകൾ ശിവന്റെ കണ്ണുകളായി കണക്കാക്കുന്നു. പല നല്ലകാര്യങ്ങളും തേങ്ങയുടച്ചാണ് ആരംഭിക്കാറുള്ളത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇത്രയധികം പ്രാധാന്യമർഹിക്കുന്ന തേങ്ങ ട്രെയിൻ യാത്രയിൽ അപകടകാരിയാണ് എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ട്രെയിനിൽ തേങ്ങയുമായി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.
സുരക്ഷയെ മുൻനിർത്തി ട്രെയിനിൽ തീപിടിത്തം ഉണ്ടാക്കുന്ന വസ്തുക്കളെ റെയിൽവേ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകൾ, മണ്ണെണ്ണ, പടക്കങ്ങൾ, കെമിക്കലുകൾ എന്നിവ ട്രെയിനിൽ കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കളാണ്. ഇതിന്റെ കൂട്ടത്തിൽ തേങ്ങയെയും ഉൾപ്പെടുത്തിയിരിക്കുന്നു. മേൽപ്പറഞ്ഞ സാധനങ്ങൾ പോലെ തന്നെ തേങ്ങയും തീപിടിത്തത്തിന് കാരണമാകുന്ന വസ്തുവാണെന്നാണ് സുരക്ഷാ അധികൃതർ പറയുന്നത്.
പുറം തോടും നാരുകളുമാണ് ഇവിടെ തേങ്ങയെ വില്ലനാക്കുന്നത്. ഈ നാരുകളിലും പുറം തോടിലും വളരെ പെട്ടെന്ന് തീപിടിയ്ക്കാം. ഒരു തീപ്പൊരി വീണാൽ തന്നെ തേങ്ങയിൽ അത് വളരെവേഗം പടർന്ന് പിടിക്കുന്നു. ഇത് അപകടങ്ങളുടെ പ്രത്യാഘാതം വർധിപ്പിക്കും. മറ്റെന്തെങ്കിലുമൊരു സാഹചര്യത്തിൽ ട്രെയിനിൽ തീപിടിത്തം ഉണ്ടായാൽ തേങ്ങകൾ അതിന്റെ ആഘാതം വർധിപ്പിക്കും.
അടിയന്തിര സാഹചര്യങ്ങളിൽ അനുമതി വാങ്ങി മാത്രമേ തേങ്ങകൾ ട്രെയിൻ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. സുരക്ഷാ പരിശോധനകൾക്കിടെ തേങ്ങ ശ്രദ്ധയിൽപ്പെട്ടാൽ പിഴയോ തടവോ യാത്രക്കാർക്ക് നേരിടേണ്ടിവന്നേക്കാം.

