ഉജ്ജയിൻ : മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തിൽ ദർശനം നടത്തി ഭസ്മ ആരതിയിൽ പങ്കെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന . താൻ ക്ഷേത്രദർശനം നടത്തിയ ദൃശ്യങ്ങൾ റെയ്ന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചത് . ‘ മഹാകാൽ ക്ഷേത്രത്തിൽ സമാധാനവും ശക്തിയുമുണ്ട് ‘ എന്ന കുറിപ്പും റെയ്ന പങ്ക് വച്ചിട്ടുണ്ട്.

ക്ഷേത്രദർശനത്തെ ദിവ്യാനുഭവം എന്നാണ് റെയ്ന വിശേഷിപ്പിച്ചത്. “ഇവിടെ വരുന്നത് തികച്ചും വ്യത്യസ്തമായ ഒരു ദിവ്യാനുഭവമാണ്. കഴിഞ്ഞ തവണ ഞാൻ എന്റെ ഭാര്യയ്ക്കൊപ്പമാണ് ഇവിടെ വന്നത് . 2005 മുതൽ ഞാൻ ഇവിടെ വരാറുണ്ട്. ഇവിടെ വന്ന് തിരിച്ച് പോകുമ്പോഴെല്ലാം ഞാൻ ഒരു പുതിയ വ്യക്തിയായി മാറുന്നു “ എന്നും സുരേഷ് റെയ്ന പറഞ്ഞു .

ഉജ്ജയിനിയിലെ ശിപ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന മഹാകാലേശ്വർ ക്ഷേത്രം ഭഗവാൻ ശിവന്റെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായതിനാൽ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്. മഹാകാലേശ്വർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ‘ഭസ്മ ആരതി’. പുലർച്ചെ 3:30-നും 5:30-നും ഇടയിലുള്ള, അതീവ പവിത്രമായ ‘ബ്രഹ്മമുഹൂർത്ത’ത്തിലാണ് ഇത് നടത്തപ്പെടുന്നത്.


