തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നിലെ എൽപിഎസ്ടി സമരപ്പന്തൽ പൊലീസ് പൊളിച്ചു. നിരാഹാര സമരമിരുന്ന സമരനേതവ് വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റി. ഡോക്ടർമാർ സമരപ്പന്തലിലെത്തി വളർമതിയുടെ ആരോഗ്യനില പരിശോധിച്ചതിന് പിന്നാലെയാണ് സമരപ്പന്തലിൽ നിന്ന് വളർമതിയെ ബലമായി മാറ്റിയത്.
സമരപ്പന്തൽ പൊളിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സമരക്കാർ സ്ഥലത്ത് നിന്ന് മാറാൻ തയ്യാറാകാത്തതോടെ ബലം പ്രയോഗിക്കുകയായിരുന്നു. സമരക്കാർ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. പ്രതിഷേധവും, ചെറുത്തു നിൽപ്പും മുൻകൂട്ടികണ്ട് വൻ സന്നാഹത്തോടെയാണ് പൊലീസ് എത്തിയത്. ബാനറുകളും, ഫ്ലക്സുകളും സ്ഥലത്ത് നിന്ന് നീക്കി. എന്നാൽ സ്ഥലത്തുനിന്ന് മാറില്ലെന്നും പ്രതിഷേധം തുടരുമെന്നും സമരക്കാർ പറഞ്ഞു.

