തൃശൂർ : മികച്ച കർഷകൻ വാഴക്കുലയിൽ എം ഡി എം എ കടത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ് . മികച്ച കർഷകനുള്ള അവാർഡ് തിരിച്ചെടുക്കുന്നത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വിവരം അറിഞ്ഞയുടനെ ഡയറക്ടറുമായി സംസാരിച്ചിരുന്നു. കർഷകന്റെ പശ്ചാത്തലം അടക്കം പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
റിപ്പോർട്ട് നൽകിയാൽ തുടർനടപടി ഉണ്ടാകും. അവാർഡ് നിർണ്ണയത്തിൽ അടക്കം മാറ്റങ്ങൾ കൊണ്ടു വരും. ചില അവാർഡുകൾ തന്നെ താനെത്തിയ ശേഷം പുനക്രമീകരിച്ചിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം വാഴക്കുലക്കുള്ളിൽ ഒളിപ്പിച്ച് എം ഡി എം എ കടത്തിയ സംഭവത്തിൽ പിടിയിലായ യുവകർഷകൻ ധനേഷിന് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിൽ വിപുലമായ നെറ്റ് വർക്ക് ഉണ്ടെന്നും പൊലീസ് കണ്ടെത്തി.
മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ ഇയാൾക്ക് ഏജന്റുമാരുണ്ട് . ഇതിനകം എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് ഏജന്റുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിനായി ഇൻസ്റ്റ്രാഗ്രാമാണ് ധനേഷ് പ്രധാനമായും ആശ്രയിച്ചിരുന്നത്. കൊച്ചിയിലായിരുന്നു പ്രതിയുടെ സ്ഥിരതാമസമെന്നും പൊലീസ് പറഞ്ഞു.
ആലപ്പുഴ ചെറുതനയിൽ 2022 ൽ തണ്ണിമത്തൻ കൃഷി നടത്തിയിട്ടുള്ള ധനേഷിന് ചെറുതന പഞ്ചായത്തിന്റെ യുവകർഷക അവാർഡ് ലഭിച്ചിരുന്നു . നാട്ടിൽ ഇയാൾക്കെതിരെ മറ്റ് കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു . അതേസമയം, ഇയാള്‍ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് കര്‍ഷക സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി.

