ബെംഗളൂരു ; ഭാര്യയെയും ആറ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ 45 കാരനായ ടാക്സി ഡ്രൈവറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ദുശേഖർ എന്നയാളാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ ചിക്കബല്ലാപ്പൂർ ജില്ലയിലെ നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരു കുട്ടിയുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു.
ബുധനാഴ്ച്ച ആദ്യം ഭാര്യ സുനിതയെയാണ് പ്രതി കൊലപ്പെടുത്തിയത് . തുടർന്ന് മൃതദേഹം നന്ദിഹിൽസിന് സമീപം ഉപേക്ഷിച്ചു. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ ഭാര്യയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഭാര്യ യാത്ര പോയതാണെന്നും പറഞ്ഞു. ഇതിന് ശേഷമാണ് ഇന്ദുശേഖർ തന്റെ ഭാര്യാമാതാവ് , ഭാര്യയുടെ രണ്ട് സഹോദരന്മാർ, അവരുടെ ഭാര്യമാർ, 7 വയസുള്ള അനന്തിരവൻ എന്നിവരെ കൊലപ്പെടുത്തിയത് . കൊലപാതകങ്ങൾക്ക് ശേഷം വീട് വൃത്തിയാക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച കാറും, മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തു.
പ്രതിയുടെ ബന്ധു വ്യാഴാഴ്ച ശ്രീരാംപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂട്ടക്കൊലപാതകം പുറം ലോകമറിഞ്ഞത്. രണ്ട് എ സിപിമാരും, നാല് ഇൻസ്പെക്ടർമാരും അടക്കം അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. പ്രതി മൃതദേഹങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതിനാൽ അവ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

