കൊച്ചി : ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തി മർദ്ദിച്ച് കവർച്ച നടത്തിയതിന് പിന്നിൽ നടി അതുല്യയാണെന്ന് പൊലീസ് . അതുല്യയാണ് പദ്ധതി ആസൂത്രണം ചെയ്തത് . അതുല്യയുടെ ബന്ധുവും, ഡോക്ടറും തമ്മിലുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിന് കാരണമായത്. പ്രശ്നങ്ങൾ തീർക്കാനായി ഡോക്ടറോട് അതുല്യയും, ബിബിനും പണം ആവശ്യപ്പെട്ടു. ഡോക്ടർ വഴങ്ങാതെ വന്നതോടെ മർദ്ദിക്കുകയും , സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നടന്നത് ഹണിട്രാപ്പാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ബിബിന്റെ സഹായിയും കേസിലെ പ്രതിയുമായ കെ.ബി. വിഷ്ണു എട്ട് കേസുകളിലെ പ്രതിയാണ്. ഡോക്ടറെ തടഞ്ഞ് വച്ച് മർദ്ദിക്കുകയും , മൂന്നര ലക്ഷം വിലയുള്ള രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് ആരോപണം. എറണാകുളം കുരീക്കോട് സ്വദേശിയായ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത് . 12 പേർക്കെതിരെയാണ് കേസ് . 9 പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് വൈറ്റില പൊന്നുരുന്നിയിലെ ജൂനിയർ ജനത റോഡിലുള്ള അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിലേയ്ക്ക് അതുല്യയാണ് ഡോക്ടറെ വിളിച്ചു വരുത്തിയത്. പ്രതികളിലൊരാളുടെ മാതൃസഹോദരിക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നും , അടിയന്തിര ചികിത്സ ആവശ്യമാണെന്നും പറഞ്ഞാണ് ഇവർ ഡോക്ടറെ വിളിച്ചു വരുത്തിയത്. ഫ്ലാറ്റിലെത്തിയ ഡോക്ടറെ സംഘം മർദ്ദിച്ചെന്നാണ് പരാതി. ബിബിൻ പെരുമ്പള്ളി ഡോക്ടറുടെ മുഖത്ത് അടിക്കുകയും കസേരയിൽ ബലമായി ഇരുത്തി വാരിയെല്ലുകളുടെ ഭാഗത്ത് ബലമായി ഇടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകളും സ്മാർട് വാച്ചും ഇയർപോഡുകളും രണ്ടാം പ്രതി തട്ടിയെടുത്തു. ഇവയ്ക്ക് 3.25 ലക്ഷം രൂപ വിലവരും. അതുല്യ അസഭ്യം പറയുകയും, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരികവേദനയും, പ്രതികളുടെ ഭീഷണിയും കണക്കിലെടുത്താൺ` പരാതി നൽകാൻ വൈകിയതെന്നാണ് ഡോക്ടർ പൊലിസിനോട് പറഞ്ഞത്.

