.കൊച്ചി ; നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല . മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യം നൽകിയ കോടതി സുഹൈലിന് പത്ത് ദിവസത്തിന് ശേഷം ജാമ്യം നൽകുന്ന നിലപാടാണ് സ്വീകരിച്ചത് . മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയ്ക്ക് ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും നൽകുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.രണ്ടാം പ്രതി നിനവ് (19), മൂന്നാം പ്രതി ജോയൽ (19) , നാലാം പ്രതി അമീർ (19) എന്നിവർക്കാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.
പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്റ്റ്രേട്ട് കോടതിയും, സെഷൻസ് കോടതിയും തള്ളിയിരുന്നു.പ്രതികൾ സ്വാധീന ശേഷിയുള്ളവരായതിനാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്തായിരുന്നു ജാമ്യം നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി സുഹൈലും , സുഹൃത്ത് നിനവും ഉച്ച മുതൽ രണ്ട് ബാറുകളിൽ കയറിയതിന്റെ തെളിവുകൾ എക്സൈസ് ശേഖരിച്ചിരുന്നു. രാത്രി 11 മണീയോടെ നിനവിനെ കൂട്ടാനായി നെടുമ്പാശേരിയിലെത്തിയ ജോയലും,അമീറും സുഹൈലിനൊപ്പം ഇവിടുത്തെ ബാറിലും കയറിയിരുന്നു. ഇതിൽ അമീർ ഒഴികെയുള്ളവർ മദ്യപിച്ചതിന്റെ തെളിവാണ് പൊലീസും , എക്സൈസും ശേഖരിച്ചത്. തുടർന്ന് സുഹൈലിന്റെ ആഡംബര കാറിൽ നാലു പേരും യാത്ര ചെയ്യുന്നതിനിടെയാണ് മൂന്ന് പേർ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത് . വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടത്.

