കൊച്ചി : നടി ഹണി റോസിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ തിരിച്ചടി. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല .
ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടിയിരുന്നു. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, തന്നെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചത്. എന്നാൽ മുൻകൂർ ജാമ്യം നൽകാൻ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27 ലേക്ക് മാറ്റി. ഹർജി നൽകിയില്ലെങ്കിലും രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
ഹണി റോസ് പരാതി നൽകിയെങ്കിലും പോലീസ് നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുൽ ഈശ്വറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു .അതോടൊപ്പം, പോലീസിനോട് മുൻകൂർ ജാമ്യത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരം അന്വേഷിക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു.
അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ഹണി റോസ് വിമർശനത്തിന് അതീതയല്ലെന്നും അതിനാലാണ് താൻ വിമർശിച്ചത് എന്നുമാണ് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ ഉയർത്തിയ പ്രധാന വാദം.
സാമൂഹ്യ മാധ്യമങ്ങളിലൂടെ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുകയും,
തന്റെ വസ്ത്രധാരണത്തെ അടക്കം വിമർശിക്കുകയും, അപകീർത്തിപ്പെടുത്തുകയും
ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോയത് . എറണാകുളം സെൻട്രൽ പോലീസിലാണ് നടി ഹണി റോസ് പരാതി നൽകിയത് . ഇതിനുപുറമേ തൃശൂർ സ്വദേശി സലീമും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട് .
പൊതുബോധം തനിക്കെതിരാക്കാനാണ് രാഹുൽ ഈശ്വറിന്റെ ശ്രമമെന്നും, വലിയ ഗൂഢാലോചന ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടെന്നും , ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കണമെന്നുമാണ് ഹണി റോസിന്റെ ആവശ്യം. കൂടാതെ രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ അടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.