വെസ്റ്റ്മീത്ത്: വിൽസൺ ഹോസ്പിറ്റൽ സ്കൂളുമായി ബന്ധപ്പെട്ട കേസിൽ വിവാദ അധ്യാപകൻ എനോക്ക് ബർക്കിന് വീണ്ടും തിരിച്ചടി. സ്കൂളിന്റെ നൂറ് മീറ്റർ പരിധിയ്ക്കുള്ളിൽ പോകുന്നതിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി. സ്കൂളിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് ബർക്കിന് നേരത്തെ തന്നെ വിലക്കുണ്ട്. എന്നാൽ ഇത് തുടർച്ചയായി ലംഘിച്ച് സ്കൂളിനകത്തേയ്ക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് സ്കൂളിന്റെ നൂറ് മീറ്റർ പരിധിയിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയത്.
ഈ വർഷം ഇതുവരെ ഏകദേശം 15 ഓളം തവണയാണ് ബർക്ക് സ്കൂളിലേക്ക് അതിക്രമിച്ച് കടന്നത്. ഇത് പ്രതിദിനം രണ്ടായിരം എന്ന പിഴയ്ക്ക് വിധേയമാണെന്ന് കോടതിയെ സ്കൂൾ അറിയിച്ചു. ഇതുവരെ സ്കൂളിലേക്ക് അതിക്രമിച്ച് കടന്നതിന് ഏകദേശം 2,38,268.18 യൂറോ ബർക്ക് നൽകാനുണ്ടെന്ന് കോടതിയും വ്യക്തമാക്കി. ബർക്ക് അടുത്ത 21 ദിവസത്തിനുള്ളിൽ വരുമാനം, ചിലവ്, ആസ്തികൾ എന്നിവ സംബന്ധിച്ച മുഴുവൻ വിശദാംശങ്ങളും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

