ഡബ്ലിൻ: ബൊയ്ലോ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടയിടങ്ങളിൽ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കാറ്റിൽ ഏകദേശം 40,000 ത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലുമാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. എത്രയും വേഗം തന്നെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് ഇഎസ്ബി നെറ്റ്വർക്ക് അറിയിച്ചിട്ടുണ്ട്.
ഇഎസ്ബിയുടെ കണക്കുകൾ പ്രകാരം 41,000 വീടുകളിലാണ് കാറ്റിനെ തുടർന്ന് വൈദ്യുതി ഇല്ലാതെ ആയത്. ഞായറാഴ്ച വൈകീട്ടോടെ ഇത് അയ്യായിരമായി കുറയ്ക്കാൻ ഇഎസ്ബിയ്ക്ക് കഴിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി. ഇവിടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നും അതിശക്തമായ കാറ്റാണ് രാജ്യത്ത് പ്രവചിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇനിയും നാശനഷ്ടങ്ങൾ ഇഎസ്ബി പ്രതീക്ഷിക്കുന്നുണ്ട്.

