പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ ടി.കെ. വിനോദ് കൃഷ്ണയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. 28-കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ ജി ആർ. നിശാന്തിനിയാണ് നടപടി സ്വീകരിച്ചത്.
വിനോദ് കൃഷ്ണ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ സി.ഐ ആയിരിക്കുമ്പോഴാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം യുവതിയെ വിവാഹം കഴിക്കാമെന്ന് വിനോദ് കൃഷ്ണ വാഗ്ദാനം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിൽ സിഐയ്ക്ക് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു. യുവതിയെ തലസ്ഥാനത്തേയ്ക്കും സിഐ വിളിച്ചുവരുത്തുകയും അവിടെ ഒരുമിച്ച് താമസിക്കുകയും ചെയ്തു. ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലേക്ക് പോയപ്പോൾ തന്നെയും കൂടെ കൊണ്ടുപോയെന്നും, ആ സമയത്താണ് താൻ ഗർഭിണിയായതെന്നും യുവതി പറഞ്ഞു.
എന്നാല്‍, ഇതിനിടെ യുവതി ഗര്‍ഭിണിയായതോടെയാണ് വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് വിനോദ് കൃഷ്ണ പടിപടിയായി പിന്മാറാന് തുടങ്ങിയത്. തുടർന്നാണ് യുവതി പോലീസിലെ ഉന്നത അധികാരികളെ സമീപിച്ചത്. സി.ഐക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിൽ യുവതി വ്യക്തമാക്കിയിട്ടുണ്ട്.

