ന്യൂഡൽഹി : ബോധപൂർവ്വം വിവാദങ്ങൾ സൃഷ്ടിച്ച് മകൻ റെയ്ഹാൻ വാദ്രയെ പൊതുജനമധ്യത്തിലേയ്ക്ക് നായക പരിവേഷത്തിൽ ഇറക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ നീക്കം . രാജസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘ബിക്കാനർ ഹൗസി’ൽ, ഇന്ത്യയിലെ സമീപകാല പ്രതിപക്ഷ പ്രതിഷേധങ്ങളെക്കുറിച്ചുള്ള റെയ്ഹാന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നതിൽ ചിലത് അധികൃതർ നീക്കം ചെയ്തതാണ് വിവാദമായി നെഹ്രു കുടുംബം ഉയർത്തിക്കാട്ടുന്നത് .
“നോ ഐഡിയ ഈസ് ഫൈനൽ” (No Idea Is Final) എന്ന പേരിൽ ഒക്ടോബർ 22 മുതൽ 25 വരെ നടക്കുന്ന പ്രദർശനത്തിലേയ്ക്കാണ് ഡൽഹി സമരത്തിന്റെ ചിത്രങ്ങൾ റെയ്ഹാൻ നൽകിയത് . എന്നാൽ ഇത്തരം ചിത്രങ്ങൾ അനുവദനീയമല്ലെന്നും നീക്കം ചെയ്യണമെന്നുമാണ് സംഘാടകർ ആവശ്യപ്പെട്ടത് . ഇക്കാര്യം റെയ്ഹാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതും.
നഗ്നത, വർഗീയ വിഷയങ്ങൾ, രാഷ്ട്രീയ ഉള്ളടക്കം എന്നിവ പരാമർശിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും, അത്തരം ലംഘനങ്ങൾ ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും ബിക്കാനർ ഹൗസ് വ്യക്തമായി നിഷ്കർഷിച്ചിട്ടുമുണ്ട്. ഇവിടെ നടക്കുന്ന പ്രദർശനങ്ങൾ സംസ്കാരം, വന്യജീവികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയായിരിക്കണം. ഇതിനു മുൻപും ബിക്കാനറിൽ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ള റെയ്ഹാന് ഇക്കാര്യം വ്യക്തമായി അറിയുകയും ചെയ്യാം . എന്നിട്ടും ഡൽഹി പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പ്രദർശനത്തിനായി റെയ്ഹാൻ എത്തിച്ചത് ബോധപൂർവ്വം തന്നെയാണെന്നും ആരോപണമുണ്ട്.
105 ചിത്രങ്ങളിൽ 75 എണ്ണവും ഇത്തരത്തിലുള്ളതായിരുന്നു. ഇവ ബിക്കാനർ ഹൗസ് മാനേജ്മെന്റ് സൊസൈറ്റിയുടെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. അതുകൊണ്ടാണ് അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. കലയെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന പൊതു സാംസ്കാരിക സ്ഥാപനമാണ് ബിക്കാനർ ഹൗസ്. ഇവിടെ നടക്കുന്ന പ്രദർശനങ്ങളും അനുബന്ധ പരിപാടികളും സൊസൈറ്റിയുടെ നയങ്ങൾക്ക് അനുസൃതമായിരിക്കണമെന്നും നിർബന്ധമുണ്ട് . എല്ലാ നിബന്ധനകളും വ്യക്തമായി അറിഞ്ഞിട്ടും രാഷ്രീയം ലക്ഷ്യമിട്ട് നെഹ്രു കുടുംബം കൃത്യമായി ആസൂത്രണം ചെയ്തതാണ് ഈ വിവാദമെന്നാണ് ആരോപണം . മാത്രമല്ല ഒഴിവാക്കിയ ചിത്രങ്ങൾക്ക് മറ്റൊരു പ്രദർശന ഇടം താനൊരുക്കുമെന്ന് റെയ്ഹാൻ പറഞ്ഞപ്പോൾ , അതിനുള്ള സൗകര്യം കേരളത്തിൽ നൽകാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതും ഇതുമായി ചേർത്ത് വായിക്കേണ്ടി വരും.
മകന്റെ ചിത്രം ഒഴിവാക്കിയതിനും പ്രിയങ്ക ഗാന്ധി സർക്കാരിനെയാണ് കുറ്റപ്പെടുത്തിയത് . “അധികാരത്തിലിരിക്കുന്ന ഒരാൾ മറ്റൊരാളുടെ ആവിഷ്കാരത്തെ ഭയപ്പെടുമ്പോൾ, താൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന അധികാരം തന്നെ തനിക്ക് നഷ്ടപ്പെട്ടുവെന്ന് അയാൾ അറിയുന്നില്ല. നീ സത്യത്തിന് വേണ്ടി നിലകൊള്ളുക, അപ്പോൾ മനോഹരമായതെല്ലാം നിന്നെ തേടിയെത്തും. എനിക്ക് നിന്നിൽ അഭിമാനമുണ്ട്, എന്നും അങ്ങനെ തന്നെയായിരിക്കും.” എന്നാണ് മകനെ പറ്റിയുള്ള പ്രിയങ്കയുടെ കുറിപ്പ്. പവൻ ഖേര , സുപ്രിയ ശ്രീനേറ്റ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും സർക്കാരിനെയാണ് കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഈ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, മുൻപും പലതവണ റൈഹാന്റെ പ്രദർശനങ്ങൾ ബിക്കാനർ ഹൗസിൽ നടത്തിയിട്ടുണ്ടെന്നും, ഇവിടെ നിയമാവലികൾ റെയ്ഹാന് വ്യക്തമായി അറിയാവുന്നതാണെന്ന് ബിക്കാനർ അധികൃതർ ചൂണ്ടിക്കാട്ടി.

