ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം വന്നാൽ, അത് പാർലമെന്ററി ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് പരിശോധിക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള . ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യാൻ പ്രതിപക്ഷം നേരത്തെ രണ്ടുതവണ ശ്രമിച്ചിരുന്നു. ആദ്യ ശ്രമത്തിൽ സമർപ്പിച്ച നോട്ടീസുകൾ ലോക്സഭയും രാജ്യസഭയും തള്ളിക്കളഞ്ഞു. രണ്ടാം തവണ സമർപ്പിച്ച നോട്ടീസുകൾ രാജ്യസഭയുടെ പരിഗണനയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമായിട്ടുണ്ട്. വോട്ടർ പട്ടികയുടെ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ നടപടികളിൽ ക്രമക്കേടുകൾ നടന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തങ്ങളുടെ അറിവോ ശുപാർശയോ കൂടാതെ പുറപ്പെടുവിച്ച, എസ്ഐആർ (SIR) സംബന്ധമായ തീരുമാനങ്ങൾക്കും ഉത്തരവുകൾക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ കുറഞ്ഞത് 14 തവണ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഭരണഘടനയും ‘ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് ആക്ട്, 2023’ പ്രകാരവും, സുപ്രീം കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ് നടപടിക്ക് സമാനമായ പ്രക്രിയയിലൂടെ മാത്രമേ സിഇസിയെ നീക്കം ചെയ്യാൻ കഴിയൂ. കൂടാതെ, സിഇസിക്കോ മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കോ രാഷ്ട്രപതിക്ക് രേഖാമൂലം രാജിക്കത്ത് നൽകി സ്ഥാനമൊഴിയാനും നിയമം അനുവദിക്കുന്നുണ്ട്.

