തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തുലാവർഷത്തിനൊപ്പം അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ സാധ്യതകളും വിലയിരുത്തി, സംസ്ഥാന ദുരന്ത നിവാരണ വിഭാഗം വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയും ഇടിമിന്നലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാനുമുള്ള സാധ്യതയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടുക്കി എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. നാളെ എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.

