തിരുവനന്തപുരം : വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ . മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജിയാണ് പുതിയ ചെയർമാൻ. ഒമ്പത് അംഗങ്ങളാണ് പുനഃസംഘടിപ്പിച്ച ബോർഡിലുള്ളത്. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫ ഫൈസി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
എം.എൽ.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ പ്രവർത്തിക്കും. മുൻ ചെയർമാൻ ഹംസ ഹൈക്കോടതിയിൽ നൽകിയ കേസ് നിലനിൽക്കെയാണ് പുനഃസംഘടന നടന്നിരിക്കുന്നത്. ചട്ടപ്രകാരം ആവശ്യമായ യോഗ്യതകളില്ലാത്ത അംഗങ്ങൾ ബോർഡിലുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നേരത്തെ തീരുമാനിച്ചത്.
നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് നിലവിലുള്ള ബോർഡിനെ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവും ഈ നടപടിക്ക് കാരണമായതായി അറിയുന്നു. മുസ്ലീം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് അംഗങ്ങളെ നിയമിക്കുന്ന കാര്യം സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്കനുസരിച്ചായിരിക്കും തീരുമാനിക്കുക. കഴിഞ്ഞ മാർച്ചിലാണ് കെ.എസ്. ഹംസയെ ചെയർമാനായി ഇടതുസർക്കാർ നിയമിച്ചത്. ബോർഡിന്റെ കാലാവധി അവസാനിക്കാൻ നാലര വർഷം ബാക്കിയുണ്ടെങ്കിലും, പുനഃസംഘടന അനിവാര്യമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ, ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്ന നിലപാട് പരസ്യമായി പ്രകടിപ്പിച്ച ബോർഡ് അംഗം മുത്തവല്ലി ഉമ്മർ ഫൈസി മുക്കത്തോട് സർക്കാരിന് അതൃപ്തിയുണ്ടായിരുന്നു.

