ന്യൂഡൽഹി : തിരംഗ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത പാറ്റാ പാർട്ടി നേതാവ് അഭിജിത് ദീപ്കെയെ ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം സെക്ഷൻ 126, 170 വകുപ്പുകൾ ചുമത്തിയാണ് ദിപ്കെയ്ക്കെതിരെ നടപടിയെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകിട്ടാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത് .
കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിലേക്ക് പോകരുതെന്ന് കാണിച്ച് ദീപ്കെയ്ക്ക് രണ്ട് നോട്ടീസുകൾ നൽകിയിരുന്നെങ്കിലും, അതിലെ നിർദേശങ്ങൾ ദീപ്കെ പാലിച്ചില്ലെന്ന് പോലീസ് പറഞ്ഞു . സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ദീപ്കെയെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ നടന്ന കരുതൽ അറസ്റ്റിന്റെ ഭാഗമായി നൽകിയ ‘പീസ് ബോണ്ടിന്റെ’ വ്യവസ്ഥകൾ ദീപ്കെ ലംഘിച്ചതായി പോലീസ് മജിസ്ട്രേറ്റിനെ അറിയിക്കാൻ സാധ്യതയുണ്ട്. അന്ന് 50,000 രൂപയുടെ ബോണ്ട് നൽകിയ ദീപ്കെയോട്, ഒരു വർഷത്തേക്ക് പൊതുസമാധാനം തടസ്സപ്പെടുത്തരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം ഒപ്പം കസ്റ്റഡിയിലെടുത്ത ഐസ പ്രസിഡന്റ് നേഹ ബോറയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിട്ടയച്ചതായി പോലീസ് അറിയിച്ചു. നേഹ ബോറയെ പലയിടങ്ങളിലേക്ക് മാറ്റിയതായി സംഘടന ആരോപണം ഉന്നയിച്ചിരുന്നു .

