തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക പ്രമേയം പാസാക്കാനുള്ള പദ്ധതിയുമായി യുഡി എഫ് സർക്കാർ . എൽ ഡി എഫിന്റെ പിന്തുണയോടെ, ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രമേയം അവതരിപ്പിക്കും.
നിയമസഭയിലെ എൻ ഡി എ അംഗങ്ങൾ പ്രമേയത്തെ എതിർക്കുമെന്നാണ് വിവരം . മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉടൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് ഈ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനവിശ്വാസം വീണ്ടെടുക്കാൻ നിർണ്ണായക നടപടികൾ അനിവാര്യമാണെന്ന് പറയുന്ന പ്രമേയമാണ് അവതരിപ്പിക്കുക. മാത്രമല്ല വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്നും പ്രമേയം ആവശ്യപ്പെടും.
പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതിയിൽ നിന്നുള്ള പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യവും പ്രമേയത്തിൽ ഉൾപ്പെടുത്തും.

