കൊച്ചി: സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെ മൂന്ന് ജില്ലകളിലായി ഏകദേശം 20 ഇടങ്ങളിൽ പരിശോധന നടത്തി.
തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സംസ്ഥാന പോലീസുമായി സഹകരിച്ച് ഇഡി-യുടെ കേരള സോണൽ ഓഫീസാണ് പരിശോധനകൾ നടത്തിയത്.അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തെന്നെല സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കുട്ടനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ രജിസ്റ്റർ ചെയ്ത പ്രത്യേക എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകളെ തുടർന്നാണ് ഏജൻസിയുടെ നടപടി.
അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ കേസിൽ, വ്യാജ വായ്പകൾ അനുവദിച്ചതിലൂടെ അംഗങ്ങൾക്ക് നഷ്ടമുണ്ടാക്കിയെന്ന് ഭാരവാഹികൾക്കെതിരെ ആരോപണമുണ്ട്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ചോ ആറോ ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. ഉയർന്ന പലിശ വാഗ്ദാനം ചെയ്തും വ്യാജ വായ്പകൾ അനുവദിച്ചും അംഗങ്ങളെ കബളിപ്പിച്ചെന്നാരോപിച്ച് തെന്നല സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും ഏജൻസി അന്വേഷണം നടത്തുന്നുണ്ട്.കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായി ഏഴോ എട്ടോ ഇടങ്ങളിൽ പരിശോധന നടന്നു.
മൂന്നാമത്തെ കേസ് കുട്ടനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ടതാണ്; ഉടമകളുടെയും നിക്ഷേപകരുടെയും സമ്മതമില്ലാതെ ഈടുനൽകിയ സ്വത്തുക്കൾ കൈമാറ്റം ചെയ്തെന്ന് ഭാരവാഹികൾക്കെതിരെ ആരോപണമുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി അഞ്ചോ ആറോ സ്ഥലങ്ങളിൽ പരിശോധന നടത്തി.

