ന്യൂഡൽഹി: ആകാശവാണി വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ളവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു . ഏകദേശം ഒമ്പത് മണിക്കൂറോളം രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം നടത്തി. സ്ഥലത്ത് നിന്ന് ബാരിക്കേഡുകളും പൊലീസ് ക്രമേണ നീക്കം ചെയ്തുവരികയാണ്.
പ്രതിഷേധ സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണുള്ളത് . പ്രതിഷേധിക്കുന്ന നേതാക്കളെ പോലീസ് നീക്കം ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, ചരൺജിത് സിംഗ് ചന്നി, ദീപേന്ദർ ഹൂഡ, പവൻ ഖേര എന്നിവരുൾപ്പെടെ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം നടത്തുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്നോ മറ്റ് പ്രതിപക്ഷ പാർട്ടികളിൽ നിന്നോ ചർച്ചയ്ക്കായി നോട്ടീസോ , അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളും അറിയിച്ചു.
എന്നാൽ, പ്രതിഷേധം തുടരുന്നതിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് ‘വോട്ട് ചോർച്ച’യിലൂടെ രാജ്യത്തെ ‘കൈക്കലാക്കിയെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു . ഇവർക്കാർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പ്രതിപക്ഷത്തിന്റെ മാർച്ചിനിടെ ആകാശവാണി ഭവൻ പരിസരത്ത് മാധ്യമപ്രവർത്തകരോട് അല്പം മുൻപ് രാഹുൽ സംസാരിച്ചിരുന്നു .കേന്ദ്രസർക്കാർ രാജ്യത്തോട് ചെയ്തത് ‘രാജ്യദ്രോഹ’ത്തിന് തുല്യമാണെന്നും. അവർക്കെതിരെ നടപടിയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു .
‘ ജനാധിപത്യം സംരക്ഷിക്കുന്നതിനായി 300-ലധികം ലോക്സഭാ-രാജ്യസഭാ എം.പിമാർ പ്രതിഷേധത്തിൽ പങ്കുചേർന്നു . ബി.ജെ.പി എന്താണ് പറയുന്നതെന്ന് എനിക്ക് വിഷയമല്ല. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്. “ എന്നും രാഹുൽ പറഞ്ഞു.
നേരത്തെ, എക്സിൽ പങ്ക് വച്ച പോസ്റ്റിൽ, എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ പ്രതിപക്ഷ നേതാക്കളെ കാണാത്തതെന്നും, എന്തുകൊണ്ടാണ് പോലീസ് തങ്ങളെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.

