കൊച്ചി : ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പി എസ് സിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി . പി എസ് സി ക്രമക്കേട് നടത്തിയെങ്കിൽ അതിൽ അന്വേഷണം നടത്തേണ്ടെയെന്ന് കോടതി ചോദിച്ചു. പി എസ് സിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. അന്വേഷണം തടയണാമെന്ന പി എസ് സിയുടെ ആവശ്യം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു.
കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പി എസ് സി . ഇപ്പോൾ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ് . പ്രത്യക്ഷത്തിൽ അഴിമതി തന്നെയല്ലേ ഇത്. 58 ചോദ്യങ്ങൾ മാറ്റുന്നത് എങ്ങനെയാണ് . ഇത് തന്നെയാണ് അഴിമതി എന്ന് പറയുന്നതെന്നും കോടതി പറഞ്ഞു.
ചോദ്യം ചെയ്യൽ പ്രാഥമിക നടപടി മാത്രമാണ് . വിവരം ശേഖരിക്കാനാണ് വിളിക്കുന്നത് . അത് എന്തിനാണ് എതിർക്കുന്നത് . 180 പരാതികൾ ലഭിച്ചതായി സർക്കാരും കോടതിയെ അറിയിച്ചു. ചെയർമാൻ അടക്കമുള്ളവർ സഹകരിക്കുന്നില്ലെങ്കിൽ അടുത്ത നടപടിയിലേയ്ക്ക് കടക്കും . സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് സർക്കാരിന് കടക്കാമെന്നും കോടതി വ്യക്തമാക്കി . കേസ് ഇനി ചൊവ്വാഴ്ച പരിഗണിക്കും.

