ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം എട്ടു മാസത്തോളമായി തുടരുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ കാരണം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും സാമ്പത്തിക സ്ഥിതി അസ്ഥിരമായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ വ്യോമ-നാവിക ആക്രമണങ്ങൾ നടത്തുന്ന അമേരിക്ക കരയുദ്ധം ആരംഭിക്കുകയാണെങ്കിൽ അതിനെ നേരിടാനുള്ള മുൻകരുതൽ നടപടിയായി ഇറാൻ സ്ത്രീകൾക്ക് പരിശീലനം നൽകിത്തുടങ്ങിയെന്ന സൂചനകളുമുണ്ട്.
ടെഹ്റാനിലെ ഇമാം ഹുസൈൻ സ്ക്വയറിലുള്ള സൈനിക പരിശീലന കേന്ദ്രത്തിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്നതായാണ് റിപ്പോർട്ടുകൾ. കൈത്തോക്കുകളും മറ്റ് ആയുധങ്ങളും എങ്ങനെ ഉപയോഗിക്കാമെന്നുള്ള പരിശീലനവും നൽകുന്നുണ്ട് . ഹാഫ്റ്റ്-ഇ-തിർ സ്ക്വയറിൽ പൊതുജനങ്ങൾക്കായി ഇറാൻ സൈനിക പരിശീലന കേന്ദ്രം തുറന്നതിന് ശേഷമാണ് സ്ത്രീകൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ തങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് ഭൂരിഭാഗം സ്ത്രീകളും സ്വമേധയാ പരിശീലനത്തിന് എത്തിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാനുമായുള്ള ഭാവി കാര്യങ്ങളിൽ ഉടൻ തീരുമാനമെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പും സ്ത്രീകളെ പരിശീലനത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്.
“ശത്രു സൈനിക നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ, ഞങ്ങളുടെ പ്രതികരണം ശക്തമായിരിക്കും. കൂടുതൽ സേനയെ വിന്യസിച്ചുകൊണ്ട് ഞങ്ങൾ സ്വയം പ്രതിരോധിക്കും.” എന്നാണ് ട്രംപിന്റെ മുന്നറിയിപ്പിനോട് പ്രതികരിച്ചുകൊണ്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്.സൈനിക നടപടിയിലൂടെ ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നും ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്നും അരാഗ്ചി സൂചിപ്പിച്ചു.

