കൊല്ലം ; ചെറുമൂട് സ്വദേശി രാജു എഡ്വേഡിന്റെ മരണം കൊലപാതകം . രാജുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ ലേഖ മേരി പൊലീസിനോട് സമ്മതിച്ചു. രാജു കുഴഞ്ഞു വീണെന്നായിരുന്നു ഭാര്യ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ കഴുത്തിൽ ബെൽറ്റ് കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ലേഖയുടെ ആൺസുഹൃത്തിന്റെ പങ്കും പരിശോധിക്കുന്നുണ്ട്.
വിദേശത്തായിരുന്ന ലേഖമേരി അടുത്തിടെയാണ് നാട്ടിലെത്തിയത് . വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു അസുഖവും ഇല്ലാതിരുന്ന രാജുവിന്റെ പെട്ടെന്നുള്ള മരണത്തിൽ ബന്ധുക്കൾക്കു സംശയം തോന്നിയതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് ലേഖ പൊലീസിനോട് പറഞ്ഞത്. ‘രാജുവിന്റെ കഴുത്തിലെ പാട് കണ്ടാണ് സംശയം തോന്നിയത്. രണ്ടുപേരും എപ്പോഴും വഴക്കാണ്. ഒരു അസുഖവും രാജുവിന് ഇല്ലായിരുന്നു’ – രാജുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രാജുവിനു വിഷം കൊടുത്തതായും പൊലീസിന് സംശയമുണ്ട്. രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു.

