തിരുവനന്തപുരം : കൗൺസിലർ സ്ഥാനം രാജിവച്ച ആർ. ശ്രീലേഖ പറയുന്ന കാര്യം വിശ്വസിക്കാൻ പറ്റില്ലെന്ന് സിപിഎം നേതാവ് വി. ശിവൻകുട്ടി. ‘ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയുകയുള്ളൂ. മാത്രമല്ല, പുതിയ സ്ഥാന മാനങ്ങൾ കിട്ടുന്നതിന് എന്ത് ഭീഷണിയും അവർ നടത്തും. അങ്ങനെ പുതിയ സ്ഥാനം കിട്ടാൻ വേണ്ടി ബിജെപിക്ക് നേരേ നടത്തിയ ഒരു ഭീഷണിയായി മാത്രം ഇതിനെ കണ്ടാൽമതി “ എന്നാണ് ശിവൻകുട്ടി മാധ്യമങ്ങളോടു പറഞ്ഞത് . കോൺഗ്രസുമായി ചർച്ച നടന്നുവെന്നത് വെറും ലേലം വിളി മാത്രമാണെന്നും ശിവൻ കുട്ടി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം കോർപറേഷനിൽ അവിശ്വാസം കൊണ്ടുവരാൻ കോൺഗ്രസ് തയ്യാറാണെന്നും ഇടതുപക്ഷം പിന്തുണയ്ക്കുമോയെന്നും ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരൻ ആരാഞ്ഞു.
‘അവിശ്വാസപ്രമേയം കൊണ്ടുവന്നാൽ അത് ഇന്നത്തെ സാഹചര്യത്തിൽ പാസായേക്കും . കാരണം ബിജെപിയിലെ പലർക്കും ഭരണം ഇങ്ങനെ പോകാൻ താൽപര്യമില്ല. അവിശ്വാസപ്രമേയം കൊണ്ടുവരാമെന്ന് ശബരീനാഥൻ പറഞ്ഞതാണ് . അന്ന് ഞങ്ങളുമായി ഒരുമിക്കാൻ പറ്റില്ലെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്.
പിന്നെ ഞങ്ങൾക്കെന്ത് ചെയ്യാൻപറ്റും. കാരണം ഞങ്ങൾക്ക് തനിച്ച് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള ഭൂരിപക്ഷമില്ല. ഇരുപത് അംഗങ്ങളേ യുഡിഎഫിനുള്ളൂ, 34 അംഗങ്ങളെങ്കിലും പിന്തുണയ്ക്കണം“ മുരളീധരൻ വ്യക്തമാക്കി .

