ആൻഡ്രിം: ഡ്രംക്രീയിലെ ഓറഞ്ച് ഓർഡർ പരേഡുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ നടന്ന ചർച്ച പരാജയം. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ശേഷവും സമവായത്തിലെത്താൻ കഴിഞ്ഞില്ല. മാർച്ചിനെതിരെ തിങ്കളാഴ്ച അപ്പീൽ പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ചർച്ച നടത്തിയത്.
ഓറഞ്ച് ഓർഡറിലെയും ഗാർവാഗി റോഡ് നിവാസികളുടെയും പ്രതിനിധികളുമായി ഹിൽസ്ബറോ കാസിലിൽ രാത്രി വൈകിയായിരുന്നു ചർച്ച. എന്നാൽ ഇതിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല. തുടർന്ന് സമവായത്തിലെത്താതെ ഇരു വിഭാഗവും പിരിയുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച തൊട്ടാണ് മേഖലയിൽ തർക്കം ആരംഭിച്ചത്. 20 വർഷത്തിന് ശേഷം ആദ്യമായി ഗാർവാഗി റോഡിലൂടെ പരേഡ് കടന്ന് പോകാൻ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് എത്തുകയായിരുന്നു.

