ഡബ്ലിൻ ; പെൻഷൻ തുകയിൽ ആഴ്ചയിൽ 7.50 യൂറോയിൽ കൂടുതൽ വർദ്ധനവുണ്ടായേക്കാമെന്ന് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ . വാരാന്ത്യത്തിൽ വന്ന റിപ്പോർട്ടുകളിൽ പെൻഷൻ വർദ്ധനവ് 7.50 യൂറോ മാത്രമായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും, അത്തരം റിപ്പോർട്ടുകൾ പൂർണ്ണമായും കൃത്യമായിരിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം 7.50 യൂറോയുടെ പെൻഷൻ വർദ്ധനവ് ഫിയാന ഫെയ്ലും ഫൈൻ ഗെയ്ലും ചേർന്ന് പെൻഷൻകാരോട് ചെയ്യുന്ന വഞ്ചനയാണെന്ന് സോഷ്യൽ ഡെമോക്രാറ്റ്സ് ഡെപ്യൂട്ടി ലീഡർ സിയാൻ ഒ’കല്ലഗൻ പറഞ്ഞു.പണപ്പെരുപ്പത്തിനനുസരിച്ചുള്ള വർദ്ധനവ് പോലുമല്ലാത്ത, “അപഹാസ്യമായ വർദ്ധനവ്” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. നിലവിൽ കഷ്ടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി മുതിർന്ന പൗരന്മാരെ ഇത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം പറഞ്ഞു.

