ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗാണ് വിഷയം അവതരിപ്പിച്ചത്.
നിയമപ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷനിൽ തീരുമാനങ്ങൾ എടുക്കേണ്ടത് സമവായത്തിലൂടെയോ ഭൂരിപക്ഷത്തിലൂടെയോ ആണ്. എന്നാൽ എസ്ഐആർ ഉൾപ്പെടെയുള്ള കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായി എടുക്കുന്നില്ലെങ്കിൽ, ഇത് ഗുരുതരമായ കാര്യമാണ്, അത് അന്വേഷിക്കണമെന്നായിരുന്നു വികാസ് സിംഗ് കോടതിയിൽ ആവശ്യപ്പെട്ടത് . വാദങ്ങൾ കേട്ട ശേഷം, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഒന്നിലധികം ആളുകളെ ഉൾപ്പെടുത്തിയിരിക്കുന്നത് തന്നെ ചർച്ചയിലൂടെയും, സമവായത്തിലൂടെയോയും തീരുമാനങ്ങൾ എടുക്കാൻ വേണ്ടിയാണ്. ഇതാണ് നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും വികാസ് സിംഗ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ച രീതി കണക്കിലെടുക്കുമ്പോൾ, എസ്ഐആർ പ്രക്രിയയെക്കുറിച്ച് മറ്റ് അംഗങ്ങൾ ചേർന്നാണോ തീരുമാനമെടുത്തതെന്ന കാര്യം സംശയമാണെന്നും വികാസ് സിംഗ് പറയുന്നു.
സെപ്റ്റംബർ 25 ന്, ശൈലേന്ദ്ര മണി ത്രിപാഠി എന്ന അഭിഭാഷകനും ഗ്യാനേഷ് കുമാറിനെതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഗ്യാനേഷ് കുമാറിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

