റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി യെമനിലെ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ യാൻബു, അതുപോലെ തായിഫ്, ബൈഷ്, ഫറാസാൻ എന്നിവിടങ്ങളിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ തടഞ്ഞതായും സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് ശേഷം സൗദി തലസ്ഥാനമായ റിയാദിനു നേരെ ഹൂതികൾ നടത്തുന്ന ആദ്യ ആക്രമണമാണിതെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, റിയാദിലെ പ്രധാന കേന്ദ്രങ്ങളെയും യാൻബുവിലെ സൗദി എണ്ണക്കമ്പനിയായ ആരാംകോയുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ അവകാശപ്പെട്ടു. സംഭവസ്ഥലത്ത് നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം വലിയ തീപിടുത്തത്തിന് കാരണമായതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സരീ പറഞ്ഞു. യെമൻ തലസ്ഥാനമായ സൻആയ്ക്ക് നേരെ ആക്രമണം നടത്താൻ സൗദി സേന ശ്രമിച്ചതായും യഹ്യ സരീ പറഞ്ഞു.സമീപ ദിവസങ്ങളിലും സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ബുധനാഴ്ച, മക്ക ലക്ഷ്യമാക്കി നീങ്ങുകയായിരുന്ന ഹൂതി ഡ്രോണിനെ സൗദി സേന തടഞ്ഞിരുന്നു. തടഞ്ഞുവീഴ്ത്തിയ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് സൗദിയിൽ താമസിച്ചിരുന്ന യെമൻ പൗരൻ കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.

