തിരുവനന്തപുരം ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടരാൻ സാധ്യത. ഇന്നലെ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. വ്യാഴാഴ്ച 1000 മെഗാവാട്ടിൽ അധികം കുറവുണ്ടായെങ്കിലും തത്സമയ വിപണിയിൽ വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കി. ഇന്നലെയും നിയന്ത്രണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കെഎസ്ഇബിയുടെ പക്കൽ 4250 മെഗാവാട്ട് മാത്രമുള്ളപ്പോൾ ഇന്നലെ രാത്രി 7 മണിയോടെ വൈദ്യുതി ആവശ്യകത 4600 മെഗാവാട്ട് കടന്നു.
മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉൽപാദക കമ്പനികളുമായും ചർച്ച നടത്തിയെങ്കിലും ഈ മാസത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. തത്സമയ വിപണിയിൽ ലഭിക്കുന്ന വൈദ്യുതി പരമാവധി വാങ്ങി നിയന്ത്രണം കഴിയുന്നത്ര കുറയ്ക്കാനാണു ശ്രമം.ഇടുക്കിയിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട ഒരു ജനറേറ്റർ, ജോലികൾ വേഗത്തിൽ തീർത്ത് പ്രവർത്തനം ആരംഭിച്ചതോടെ 130 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡാമുകളുടെ സ്ഥിതിയും മെച്ചമല്ലെങ്കിലും ഈ മാസം പീക്ക് സമയത്തേക്കു മാത്രമായി പരമാവധി ഉൽപാദനം ക്രമീകരിച്ചിട്ടുണ്ട്

