ഡബ്ലിൻ: ടിഡി മൈക്കൽ ഹീലി റേയ്ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയ്ക്കെതിരെ കേസ് എടുത്തു. 50 വയസ്സുകാരനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതിയെ ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ട് 4.10 ഓടെയായിരുന്നു ഡബ്ലിൻ നഗരത്തിലെ കോർക്ക് സ്ട്രീറ്റിൽവച്ച് ഹീലി റേയ്ക്കെതിരെ ആക്രമണം ഉണ്ടായത്. കാറിൽ ഇരിക്കുകയായിരുന്ന ഹീലിയെ വിൻഡോയിലൂടെ 50 കാരൻ ആക്രമിക്കുകയായിരുന്നു. ഉടനെ തന്നെ ഹീലിയെ ഗാർഡകൾ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിൽ ഹീലിയ്ക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മുഖത്തും വായിലുമാണ് അദ്ദേഹത്തിന് പരിക്കേറ്റത്. തുന്നലിട്ടിട്ടുണ്ട്. അദ്ദേഹത്തിന് കുറച്ച് ദിവസത്തേയ്ക്ക് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

