ന്യൂഡൽഹി : പാകിസ്ഥാൻ-ചൈന അതിർത്തി സംയുക്ത കമ്മീഷനെ തള്ളി ഇന്ത്യ . ഇതിന് നിയമപരമായ അടിസ്ഥാനമൊന്നുമില്ലെന്നും, ഇന്ത്യൻ പ്രദേശങ്ങളെ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി സഹകരണം പൂർണ്ണമായും അസ്വീകാര്യമാണെന്നും ഇന്ത്യ വ്യക്തമാക്കി. ഇസ്ലാമാബാദിൽ ബുധനാഴ്ച നടന്ന കമ്മീഷന്റെ ഉദ്ഘാടന യോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ.
ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട പ്രദേശത്ത് പാകിസ്ഥാനും ചൈനയും തമ്മിൽ അതിർത്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമ്മു-കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാവാത്തതുമായ ഭാഗങ്ങളായിരുന്നു.അതിനും അങ്ങനെ തന്നെ തുടരും. ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനോ അവകാശവാദങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിനോ ഉള്ള ശ്രമങ്ങളെ ഇന്ത്യ എതിർക്കും. ഇന്ത്യൻ പ്രദേശങ്ങളെ സംബന്ധിച്ചുള്ള കരാറുകളിൽ ഏർപ്പെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ല .
1963-ലെ ചൈന-പാകിസ്ഥാൻ അതിർത്തി കരാറും ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ല. അത് നിയമവിരുദ്ധവും അസാധുവുമാണെന്ന് ഇന്ത്യ നിലപാടെടുത്തിട്ടുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.
അധിനിവേശ പ്രദേശങ്ങളുടെ പദവി മാറ്റാനുള്ള ശ്രമങ്ങളെയോ, നിയമവിരുദ്ധമായ അധിനിവേശത്തെ സാധൂകരിക്കാനുള്ള നീക്കങ്ങളെയോ ഇന്ത്യ എതിർക്കുകയും തള്ളിക്കളയുകയും ചെയ്യും. ഇത്തരം ശ്രമങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബാധിക്കും .
ഇന്ത്യൻ പ്രദേശങ്ങളെ സംബന്ധിച്ച് ചൈനയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സഹകരണം പൂർണ്ണമായും അസ്വീകാര്യമാണ് .ഇത്തരം ക്രമീകരണങ്ങൾ ആ പ്രദേശങ്ങളിന്മേലുള്ള ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ല . “ഇത്തരം നാടകങ്ങളിൽ” ഏർപ്പെടുന്നതിന് പകരം, നിയമവിരുദ്ധവും ബലപ്രയോഗത്തിലൂടെയുള്ളതുമായ അധിനിവേശത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് ഉടൻ പിന്മാറാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടതായും ജയ്സ്വാൾ പറഞ്ഞു.

