ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനം രണ്ടാം ദിവസവും തുടരുന്നു. നിലവിൽ അദ്ദേഹം ഡൂൺബെഗിലെ ഗോൾഫ് റിസോർട്ടിലാണുള്ളത്. ഐറിഷ് ഓപ്പണിൽ പങ്കെടുക്കാനെത്തിയ റോറി മക്കിൾറോയ്, ഷെയ്ൻ ലോറി എന്നിവരുൾപ്പെടെയുള്ള കളിക്കാരെ സ്വാഗതം ചെയ്താണ് ട്രംപ് അദ്ദേഹത്തിന്റെ രണ്ടാം ദിവസത്തെ സന്ദർശനം ആരംഭിച്ചത്.
ഇന്ന് മുഴുവൻ അദ്ദേഹം റിസോർട്ടിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. മത്സരശേഷമായിരിക്കും അദ്ദേഹം തിരികെ അമേരിക്കയിലേക്ക് മടങ്ങുക. റിസോർട്ടിൽവച്ച് അദ്ദേഹം വിജയിയ്ക്കുള്ള ട്രോഫി കൈമാറുമെന്നാണ് സൂചന. ഇന്നലെ രാവിലെയാണ് ട്രംപ് അയർലൻഡിൽ എത്തിയത്. ഖത്തറിന്റെ സമ്മാനമായ എയർഫോഴ്സ് വണ്ണിലായിരുന്നു അദ്ദേഹം എത്തിയത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് അദ്ദേഹത്തെ വരവേറ്റു.

