കൊച്ചി ; നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ചിത്രീകരണത്തിനായി വൈദ്യുതി ക്രമീകരണം നടത്തുമ്പോഴാണ് വൈദ്യുതാഘാതമേറ്റത്.
ഇന്ന് ആലുവയ്ക്കടുത്ത് ഇടയാറിൽ ആരംഭിച്ച പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. ആദ്യദിന ചിത്രീകരണമായിരുന്നു ഇന്ന് . ഉയർന്ന സ്ഥലത്ത് വച്ച് ലൈറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതോടെ വിഷ്ണു താഴേയ്ക്ക് വീഴുകയായിരുന്നു. എന്നാൽ വീഴ്ച്ചയിലല്ല ഷോക്കേറ്റത് തന്നെയാണ് മരണകാരണമെന്നാണ് വിവരം.
അപകടത്തിനു പിന്നാലെ വിഷ്ണുവിനെ എറണാകുളത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് നിവിൻ പോളി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു

