തിരുവനന്തപുരം : നഗരവീഥികളെ മിഥിലാപുരിയാക്കി മാറ്റി അമ്പാടിക്കണ്ണമാർ . നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിപുലമായ തയ്യാറെടുപ്പുകളോടെയാണ് ഇത്തവണയും ആഘോഷങ്ങൾ നടന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശോഭായാത്രകളിൽ കുരുന്നുകളോടൊപ്പം വലിയ തോതിൽ മാതാപിതാക്കളും പങ്കെടുത്തു.
തൃശൂരിൽ ബിജെപി കൗൺസിലർ മുംതാസ് താഹയുടെ മകൾ നേഹ താഹയാണ് ഭാരതാംബയായി എത്തിയത്. തലസ്ഥാന നഗരിയിൽ ഒട്ടും ആവേശം ചോരാതെയാണ് ഇത്തവണയും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ഘോഷയാത്ര ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥികൾ എത്തിച്ചേർന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉൾപ്പെടെയുള്ള പ്രമുഖർ ശോഭായാത്രയുടെ ഭാഗമായി .
കൊച്ചി നഗരത്തെ പൂർണ്ണമായും അമ്പാടിയാക്കി മാറ്റിക്കൊണ്ട് വിപുലമായ ഘോഷയാത്രയാണ് എറണാകുളം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്നത്. ടൗൺഹാൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര എറണാകുളത്തപ്പൻ ക്ഷേത്ര മൈതാനത്താണ് സമാപിച്ചത്. കൊച്ചി കോർപ്പറേഷൻ മേയർ മിനിമോൾ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിവിധ കലാരൂപങ്ങളും പ്ലോട്ടുകളും അണിനിരന്നു.

