ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ മഴ ശക്തമാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നഗരത്തിലുടനീളമുള്ള നിരവധി റോഡുകൾ വെള്ളത്തിനടിയിലായതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും വെള്ളം കയറി. ഡൽഹിയിൽ എത്തുന്ന നിരവധി വിമാനങ്ങളെ മഴ പ്രതികൂലമായി ബാധിച്ചു, ഏകദേശം ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അഹമ്മദാബാദ്, മുംബൈ, പോർട്ട് ബ്ലെയർ എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാനങ്ങളും വൈകി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന നില പരിശോധിക്കാൻ ഇൻഡിഗോ യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്. വെള്ളക്കെട്ടും കനത്ത മഴയും കാരണം ഗതാഗതം മന്ദഗതിയിലാകാൻ സാധ്യതയുണ്ട്. വൈകുന്നേരം 5 മണിക്കും രാത്രി 8 മണിക്കും ഇടയിൽ ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

