ഡബ്ലിൻ: മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്നത് തടയാൻ എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള ആലോചനയുമായി പോലീസ്. അടുത്തിടെയായി മോട്ടോർവേയിലൂടെ തെറ്റായ ദിശയിൽ വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് എഐ പ്രയോജനപ്പെടുത്താൻ ആലോചിക്കുന്നത്. അത്യാധുനിക റോഡ് ക്യാമറകളും നിയമലംഘനം തടയാൻ ഉപയോഗിക്കും.
റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. നിയമലംഘനങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഇത് തടയുന്നതിനായി കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം അവസാനം ഇവ പ്രാബല്യത്തിൽ കൊണ്ടുവരും. മോട്ടോർ വേകളിലെ തെറ്റായ ഡ്രൈവിംഗ് അസഹനീയമായ പ്രവൃത്തിയാണ്. ഇത് വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാർഡ, ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ്, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

