ആലപ്പുഴ ; കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവ് മൂലം രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ ഗുരുതര ആരോപണവുമായി പഞ്ചായത്തംഗം. കുട്ടികൾക്ക് സ്കൂളിൽനിന്നു ലഭിച്ചിരുന്ന അരി പിതാവ് രാജേഷ് മറിച്ചുവിറ്റിരുന്നെന്നാണ് കാർത്തികപ്പള്ളി ഒൻപതാം വാർഡ് അംഗം വിനീത് പറയുന്നത് .
കഴിഞ്ഞ മാസം ലഭിച്ച 20 കിലോ അരിയിൽ നല്ലൊരു പങ്കും രാജേഷ് പ്രദേശത്തെ ഹോട്ടലിനു 500 രൂപയ്ക്കു വിറ്റതായി തനിക്കു വിവരം ലഭിച്ചെന്നും വിനീത് പറഞ്ഞു. മാത്രമല്ല രാജേഷ് കടുത്ത മദ്യപാനി ആയിരുന്നെന്നു നാട്ടുകാരും വെളിപ്പെടുത്തി. രാഹുലിനെ മരിച്ചനിലയിൽ കണ്ടെത്തിയ ദിവസവും ഇയാൾ മദ്യപിച്ചിരുന്നു.
എന്നാൽ കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പോഷകാഹാര കുറവുണ്ടെന്നു കണ്ടെത്തിയെന്നുമാണ് പിതാവ് രാജേഷ് മാധ്യമങ്ങളോടു പ്രതികരിച്ചത്. സമീപത്തെ കാവിന്റെ ദോഷമാണ് കുട്ടി മരിക്കാൻ കാരണമെന്ന രീതിയിലും ഇയാൾ സംസാരിച്ചിരുന്നു.
ഞായറാഴ്ച്ച രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ രക്തക്കുറവും, കടുത്ത വിളർച്ചയും ഉണ്ടായിരുന്നതായും ആവശ്യത്തിന് ആഹാരവും, പരിചരണവും ലഭിക്കാത്തതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് രാഹുൽ. താരയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്. മുൻപും ഇവരുടെ ഒരാൺകുഞ്ഞ് മരിച്ചിരുന്നു. കയ്യിൽനിന്ന് അബദ്ധത്തിൽ താഴെ വീണതിനെത്തുടർന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കുടുംബം നൽകിയ വിശദീകരണം

