കൊച്ചി ; ജൂതപ്പള്ളിയ്ക്ക് സമീപം നടന്ന തീവെപ്പ് സംഭവത്തിൽ ലോറൻസ് ബിഷ്ണോയി സംഘത്തിന് പങ്കുണ്ടെന്ന് സംശയം. അറസ്റ്റിലായ എബിൻ പോളിന്റെ മൊബൈലും, ലാപ്ടോപ്പുകളും പരിശോധിച്ച പൊലീസിന് ലഭിച്ചത് ലോറൻസ് ബിഷ്ണോയിയെക്കുറിച്ചുള്ള വിവരങ്ങളും , ബിഷ്ണോയി സംഘത്തെ പരാമർശിക്കുന്ന ടെലിഗ്രാം ചാറ്റുകളുമാണ് . എന്നാൽ, പ്രതിക്ക് ബിഷ്ണോയി സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഓൺലൈൻ ക്രിമിനൽ ശൃംഖലകളുമായുള്ള ബന്ധവും പോലീസ് പരിശോധിച്ചുവരികയാണ്.
“ബോസ്” എന്ന പേരിൽ അറിയപ്പെടുന്ന ഒരാളുമായി എബിൻ സന്ദേശങ്ങൾ കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ നിന്ന് സ്വാധീനം ലഭിച്ചാകാം എബിൻ കുറ്റകൃത്യം നടത്തിയതെന്നാണ് സംശയം. വിവിധ ഗുണ്ടാസംഘങ്ങളുടെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പുകളിൽ ഇയാൾ അംഗമായിരുന്നു. പല ചാറ്റുകളിലും ബിഷ്ണോയിയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.
ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അക്രമികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനും വലിയ ക്രിമിനൽ സംഘങ്ങൾ ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്പുകൾ ഉപയോഗിക്കാറുണ്ട്. എബിൻ യഥാർത്ഥ ബിഷ്ണോയി സംഘവുമായിട്ടാണോ അതോ അവരെ അനുകരിക്കുന്ന മറ്റൊരു സംഘവുമായിട്ടാണോ ബന്ധപ്പെട്ടിരുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ഈ വർഷം ജനുവരിയിലും മാർച്ചിലും, മൂവാറ്റുപുഴയിൽ ഒരു ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം കത്തിക്കാൻ എബിൻ ശ്രമിച്ചിരുന്നു. പിന്നീട് മൂവാറ്റുപുഴയിലെ തന്നെ ഒരു സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിലും ഇയാൾ തീയിട്ടു. ഇതിനുശേഷമാണ് കൊച്ചിയിലെ സിനഗോഗിന് സമീപമുള്ള നഴ്സറിയെ ലക്ഷ്യമിട്ടത് .
തീവെപ്പുകളുടെ ദൃശ്യങ്ങൾ പകർത്തി ടെലിഗ്രാം വഴി തനിക്ക് നിർദ്ദേശങ്ങൾ നൽകുന്നവർക്ക് അയച്ചുകൊടുത്ത് പണം കൈപ്പറ്റിയിരുന്നതായാണ് പോലീസ് നിഗമനം . കൂടാതെ, എബിന്റെ വീട്ടിൽ നിന്ന് ഹെറോയിൻ, ഓക്സികോഡോൺ, ഫെന്റാനിൽ, അൽപ്രാസോലം, കെറ്റാമൈൻ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് പുത്തൻകുരിശ് പോലീസ് ഇയാൾക്കെതിരെ മയക്കുമരുന്ന് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം, ഇന്നലെ എബിനെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു. ഡിജിറ്റൽ ഫോറൻസിക് പരിശോധനകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, കൂടുതൽ കുറ്റങ്ങൾ ചുമത്താനും ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും പോലീസ് പദ്ധതിയിടുന്നുണ്ട്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും പോലീസിൽ നിന്ന് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

