കാൺപൂർ ; നേപ്പാളിലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ഉത്തർപ്രദേശിലും ആശങ്ക . പല ജില്ലകളിലും ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. നിരവധി നദികൾ ഇതിനകം കരകവിഞ്ഞൊഴുകുകയാണ്. കാൺപൂർ, ഫാറൂഖാബാദ്, ഉന്നാവോ എന്നിവയുൾപ്പെടെ ഒമ്പത് ജില്ലകളിലായി ഒരു ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ബുധനാഴ്ച വെള്ളപ്പൊക്കത്തിലും, മഴയിലും വീടുകൾ തകർന്ന് ഏഴ് പേർ മരിച്ചു.
ബുന്ദേൽഖണ്ഡിലും കാൺപൂരിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച മഴ ബുധനാഴ്ചയും തുടർന്നു. രാവിലെ പെയ്ത മഴയിൽ വീട് തകർന്ന് മഹോബയിൽ ദമ്പതികൾ മരിച്ചു. ഉന്നാവോയിൽ, മൺഭിത്തി തകർന്ന് മുത്തച്ഛനും ചെറുമകനും മരിച്ചു. ബന്ദയിൽ മൺഭിത്തി തകർന്ന് അച്ഛനും മകളും മരിച്ചു, അമ്മയുടെയും മകളുടെയും നില ഗുരുതരമാണ്. ഹാമിർപൂരിൽ, വീടിന്റെ ചോർച്ചയുള്ള മേൽക്കൂരയിൽ ടാർപോളിൻ ഇടുന്നതിനിടെ വീണ് വീട്ടുടമ മരിച്ചു.
കാൺപൂർ, ഫറൂഖാബാദ്, കനൗജ്, ഫത്തേപൂർ, ഉന്നാവോ എന്നിവിടങ്ങളിൽ ഗംഗാ നദിയുടെ ജലനിരപ്പ് തുടർച്ചയായി ഉയരുകയാണ്. ഫറൂഖാബാദിൽ ജലനിരപ്പ് അഞ്ച് സെന്റീമീറ്റർ കുറഞ്ഞ് 137.10 മീറ്ററിലെത്തി. കണക്റ്റിവിറ്റി റോഡുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി, തീരദേശ ഗ്രാമങ്ങൾ ദ്വീപുകളായി മാറിയ അവസ്ഥയിലാണ്.
100 ഗ്രാമങ്ങളിലായി 90,000 പേരെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും തകരാറിലായി. കാൺപൂരിൽ ഗംഗാ ജലനിരപ്പ് 113 മീറ്റർ മുന്നറിയിപ്പ് ലെവലിലേക്ക് അടുക്കുകയാണ്. ബന്ദ, ചിത്രകൂട്, ഹാമിർപൂർ എന്നിവിടങ്ങളിലും നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഇറ്റാവയിൽ, 1,000 ഏക്കർ കൃഷിഭൂമി വെള്ളത്തിനടിയിലായി . ഹാമിർപൂരിൽ പലയിടത്തും വീടുകൾ തകർന്നു. ഔറയ്യയിലെ അജിത്മാലിൽ മൂന്ന് വീടുകളും തകർന്നു. ജലൗൺ ജില്ലയിൽ മാത്രം 50 ഓളം വീടുകൾ തകർന്നു. കാൺപൂർ നഗരത്തിലെ എല്ലാ ഘട്ടുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

