ഡബ്ലിൻ: അയർലൻഡിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വാടക തട്ടിപ്പ് സംഘങ്ങൾ. ഇതേ തുടർന്ന് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അടുത്ത അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ വർഷം ആരംഭിച്ച് ഇതുവരെ വാടക തട്ടിപ്പുമായി ബന്ധപ്പെട്ട 230 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നാല് ലക്ഷം യൂറോയിലധികം പണം വിദ്യാർത്ഥികൾക്ക് ഇതുവഴി നഷ്ടപ്പെട്ടതായി പോലീസ് വിലയിരുത്തുന്നു. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾ താമസസൗകര്യത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് മുതലെടുത്താണ് തട്ടിപ്പ്. വീട് കണ്ട് ഉറപ്പിച്ച ശേഷം ഉടമ വിദേശത്താണെന്ന് പറഞ്ഞ് അഡ്വാൻസ് തുക വാങ്ങുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി. ഒരേ സമയം ഒരു വീടിനായി ഒന്നിലധികം പേരിൽ നിന്നും പണം വാങ്ങുന്നതാണ് മറ്റൊരു തട്ടിപ്പ്.

