ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ 62 വയസ്സുള്ള തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം . ഇടുക്കി പൂപ്പാറയിലെ തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ സ്വദേശിയായ ഓച്ചു തേവറാണ് മരിച്ചത് .
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഓച്ചു തേവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കനത്ത മഞ്ഞ് മൂലം ആന മുന്നിലെത്തിയ തേവർ കണ്ടിരുന്നില്ല . തുടർന്ന് ആനയുടെ മുന്നിൽ അകപ്പെട്ട ഇദ്ദേഹത്തെ ആന ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒച്ചു തേവരെ കണ്ടെത്തിയത്.
ഡിഎഫ്ഒ ഉൾപ്പെടെയുള്ള സംഘം ഉടൻ സ്ഥലത്തെത്തും. പ്രദേശത്ത് പതിവായി കാട്ടാനകളുടെ ആക്രമണം നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ആനകളെ കാട്ടിലേക്ക് തിരികെ തുരത്തുന്നുണ്ടെങ്കിലും അവ പതിവായി ജനവാസ മേഖലകളിലേക്ക് എത്താറുണ്ട് . രാവിലെ മുതൽ തലക്കുളം എസ്റ്റേറ്റിൽ ഒരു കൂട്ടം കാട്ടാനകൾ താവളമടിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ പ്രദേശത്ത് കാട്ടാനകളുടെ ആക്രമണത്തിൽ 40 ഓളം പേർ കൊല്ലപ്പെട്ടു.

